Thursday, 5 May 2016
     തല താഴ്ത്തുക....

                ----- രാകേഷ് കെ നെന്മിനി ----
           
                  ഡൽഹിയിൽ നടന്ന കൊടും ക്രുരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് ശബ്ദമുയർത്തിയ നമ്മുടെ ഇടയിലെ ഒരു സഹോദരിയെ, വളരെ ക്രുരമായി കൊലചെയ്യപ്പെട്ടിരിക്കുന്നതിൽ...
              പുറകോട്ട് ചിന്തിക്കാം... 1947ൽ സ്വാതന്ത്ര്യം നേടി എത്രയോ പദ്ധതികൾ ജനങ്ങളുടെ ഉന്നമനത്തിനായ് കൊണ്ടുവന്നു, അതിൽ എത്ര എണ്ണം 100%വിജയിച്ചു....
               അന്ന് (സ്വാതന്ത്ര്യം നേടിയ കാലത്ത്) ഇന്ത്യൻ ജനത നേരിട്ട പലതും ഇന്നും ഇന്ത്യയിലെ ജനങ്ങൾ നേരിടുന്നു. വീട്, തൊഴിൽ, ചികിത്സ, ദാരിദ്ര്യം.... അങ്ങനെ നീണ്ടു പോകുന്ന കാഴ്ചയാണ്. വികസനം എന്നത് വർണ ബോർഡുകളിൽ സുന്ദരമായ ലിപികളിൽ എഴുതുന്നതല്ല. അടിസ്ഥാനമായ ഉയർച്ചയാണ്‌ വേണ്ടത്. താഴെ കിടയിലുള്ളവരും ഉയർച്ചയിൽ എത്താൻ കൊതിക്കുന്നു എന്ന കാര്യം ഓർക്കേണ്ടതാണ്.... അതിലേക്ക് വിരൽ ചൂണ്ടുന്ന എത്രയോ സംഭവങ്ങൾ നടമാടുന്നു.
                ജിഷയുടെ മരണം വിരൽ ചൂണ്ടുന്നത് അതിലേക്കെല്ലാമാണ്... സുരക്ഷയും കരുതലും ഉള്ള സമൂഹം (വിദ്യാഭ്യാസം കൊണ്ട് മുന്നിൽ എന്ന് വിളിച്ച് പറയുന്ന) വാർത്തെടുക്കാൻ കഴിയാതെ പോകുന്നു എന്ന ചിന്ത ജനിക്കാൻ വൈകിയിരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ നോക്കുകുത്തിയാകുന്നതും നമുക്ക് മുൻപിൽ ഉണ്ടെന്നു തെളിയിക്കുന്ന സംഭവങ്ങൾ ലേഖ0നങ്ങളിലൂടെയും മറ്റും വായിച്ചെങ്കിലും മനസ്സിലാക്കേണം. കേസുകൾ കോടതികളിൽ തീർപ്പ് കൽപ്പിക്കാതെ കെട്ടി കിടക്കുന്നു എന്ന വാർത്തയും, ഇന്ത്യൻ ജയിലുകൾ നിറഞ്ഞ് കവിഞ്ഞു എന്നും ഉള്ള വാർത്ത‍ തൊട്ടടുത്ത ദിവസങ്ങളിൽ നമ്മൾ പത്രങ്ങളിൽ വായിച്ചുകാണും. സത്യങ്ങൾ പുറത്ത് വന്നിട്ടും ശിക്ഷ ലഭിച്ച കാര്യം നമ്മൾ ചികഞ്ഞ് നോക്കേണ്ടതാണ്. നിയമം പാവപ്പെട്ടവനെ കശക്കുന്നു പണക്കാരൻ നിയമത്തേയും കശക്കുന്നു എന്ന് പറഞ്ഞ പ്രശസ്തമായ വാക്ക് ഈ നേരം ചിന്തിക്കേണ്ടതുണ്ട്. അതെ അതിലേക്കെല്ലാം ജിഷയുടെ മരണം എത്തിനോക്കുന്നു.
                   സമൂഹത്തിലെ സ്ഥാനമാനങ്ങൾക്ക്‌ വേണ്ടിയും കയ്യടി നേടാൻ വേണ്ടിയും മാത്രം ശ്രമിച്ച് കൊണ്ട് പാഞ്ഞ്‌ പോകുമ്പോൾ മറ്റുള്ളവൻ എന്ത് ചെയ്യുന്നു എന്ന് എത്തി വലിഞ്ഞ് നോക്കി പരിഹസിച്ച് കയ്യടിനേടാനും വെമ്പുന്നവർ മാത്രമാകുന്നു എന്നതിൽ നിന്നും, തിരികെ ഒരു കൈത്താങ്ങ്‌ ആവാൻ പറ്റിയാൽ, ചെയ്യാൻ കഴിഞ്ഞാൽ അതിനുള്ള കയ്യടി ലഭിക്കുന്നതിനോടൊപ്പം നിങ്ങൾക്ക് വേണ്ടി മനസ്സുരുകി അവർ ഒരു പ്രവശ്യമെങ്കിലും പ്രാർത്ഥിക്കുകയും ചെയ്യും എന്നത് തീർച്ചയാണ്.
           സംഘടനകൾകൊണ്ട് നിറഞ്ഞു തുടങ്ങി....   സംഘടനകൾക്കുമുണ്ട് സമൂഹത്തിനോട് പ്രതിബദ്ധത. ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ആ ഗ്രൂപ്പിൽ ഉള്ളവരുടെ ഉന്നമനത്തിനു വേണ്ടി മാത്രമാണോ പ്രാധാന്യം നൽകേണ്ടത്. സംഘടനകൾ എല്ലാവരെയും ഉൾകൊള്ളുവാനും മറ്റുള്ളവരുടെ പ്രശ്നങ്ങളിലേക്കും സമൂഹത്തിനും വേണ്ടി ഉള്ളതാവട്ടെ. സംഘടനകൾ അവരവരുടെ ചുറ്റുപാടിലേക്കും എത്തിനോക്കുന്ന രീതിയിൽ വളരുമ്പോൾ ഒരു പരിധിവരെ അടിയിൽ പെട്ട് കിടക്കുന്നവരെ മുന്നോട്ട് കൊണ്ടുവരാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കാം അത്തരം പ്രവർത്തനങ്ങൾ ഉടലെടുക്കട്ടെ. നല്ലൊരു വീടുപോലും ജിഷക്കും വീട്ടുകാർക്കും ഇല്ലായിരുന്നു എന്ന് ഇപ്പോഴാണ് കേരള ജനത അറിഞ്ഞ് തുടങ്ങുന്നത്. അടിത്തട്ടിലേക്ക് എത്തിപ്പെടുന്ന പ്രവർത്തനങ്ങൾ സംഘടനകൾക്കും കഴിയും, ഇല്ലെങ്കിൽ സ്വാമി വിവേകാനന്ദൻ പറഞ്ഞ പോലെ കേരളം ഒരു ഭ്രാന്താലയമാണ്‌ എന്നതിലേക്ക് കൂപ്പ്കുത്തും. പേരിനും നേട്ടങ്ങൾക്കും മാത്രമായി സമൂഹമാധ്യമങ്ങളിലെ ലൈക്കിനും കമന്റിനും മാത്രമായി പിന്നാലെ പോകുന്ന രീതിയിലേക്ക് ഓരോരുത്തരുടേയും പ്രവർത്തനം മാറാതിരിക്കട്ടെ.
          ശബ്ദം ഉച്ചത്തിലാണെങ്കിലും കേട്ടാലും തിരിഞ്ഞു നോക്കാത്തൊരു കാലം ആവുന്നുണ്ടോ ചിലപ്പോഴെങ്കിലും. അടുത്തുള്ളവന്റെ വേദനയോ സുഖ വിവരങ്ങളോ അന്വേഷിക്കാൻ സമയമില്ല അവനെ കുറിച്ച് ഒന്നും അറിയുന്നുമില്ല, അവർക്കറിയും എങ്ങോ ദൂരെ ഇരിക്കുന്നവരെ, അവൻ ചോറുണ്ടോ, സുഖമാണോ, ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് വരെ സമയം കണ്ടെത്തി അന്വേഷിച്ച് പോകുന്നവർ കൂടുതലല്ലേ.
             സമൂഹത്തിൽ ഒറ്റപ്പെടുന്നവരിലേക്കും സ്നേഹത്തോടെ ഒരു വാക്കിന് വേണ്ടി കൊതിക്കുന്നവരിലേക്കും, സംരക്ഷണം ആഗ്രഹിക്കുന്നവരിലെക്കും നമ്മുടെ ശ്രദ്ധ പതിയട്ടെ.
                 അകറ്റാനും ഒറ്റപെടുത്താനും ശ്രമിക്കുനതിനു പകരം ഒരുമിപ്പിച്ച് നിർത്തുവാൻ ശ്രമിക്കട്ടെ.

2 comments:

  1. കൊള്ളാം. എഴുതുക. ലിങ്കുകള്‍ തരാന്‍ മറക്കരുത്

    ReplyDelete
  2. എന്ത്‌ ചെയ്യാൻ കഴിയും?നമ്മുടെ സഹോദരി കൊലചെയ്യപ്പെട്ടതിനെക്കുറിച്ചോർത്ത്‌ വിലപിയ്ക്കാനല്ലാതെ!!!

    ReplyDelete