Wednesday 7 September 2016

-------നെന്മിനിയിലേക്ക് ഒരു എത്തിനോട്ടം-----

- രാകേഷ് കെ നെന്മിനി -


"കഥ പറയും കാഴ്ചകൾ...
കവിത വിരിയും മനസ്സുകൾ...
താളം പിടിക്കും ഓളങ്ങൾ....
നിർത്താതെ ചിരിപ്പിക്കുന്ന ചങ്ങാത്തങ്ങൾ...
മനം നിറയ്ക്കും നന്മ നിറഞ്ഞ ആ പുഞ്ചിരികൾ...

വരുന്നോ ഞങ്ങളുടെ സുന്ദരമായ ഗ്രാമത്തിലേക്ക്....????"

   മലപ്പുറം ജില്ലയിലെ വള്ളുവനാടിൻ പെരുമ വിളിച്ചോതിയ പെരിന്തൽമണ്ണയിൽ നിന്നും 7 കി മീറ്റർ നിലമ്പുർ റോഡിനു വന്നാൽ കമാനം എന്ന ടൗണിൽ എത്തും അവിടെ നിന്നും ഇടത് ഭാഗത്തേക്കുള്ള റോഡിന് 3  കി മീറ്റർ വന്നാൽ നെന്മിനിയിലെത്താം.
            പ്രകൃതി ഭംഗി തന്നെയാണ് പ്രധാന ആകർഷണം. കമാനത്തുനിന്നും 1.5 കിലോ മീറ്റർ എത്തുമ്പോൾ നെന്മിനിയിലെ മനോരമ എസ്റ്റേറ്റ് തുടങ്ങുകയായി. അതിനടിയിലൂടെയാണ് പിന്നീട് ഉള്ള യാത്രകൾ. ഒരു ഭാഗം മലയാണെങ്കിൽ നേരെ എതിർ വശത്ത് അങ്ങിങ്ങായി പാടങ്ങൾ കാണാം. നെന്മിനിയിലെ പച്ചപ്പ് പടർന്നിരിക്കുന്നത് വിവിധ തരം വമ്പൻ മരങ്ങളാലും അതിനിടയിലെ ചെറു ചെറു സസ്യങ്ങളാലും, വള്ളികളാലും ഒരു പച്ച പുതപ്പ് പുതച്ച് കിടക്കുന്ന കാഴ്ച കണ്ണിന് ആസ്വാദനം പകരുമ്പോൾ അതിനിടയിൽ തല ഉയർത്തി നിൽക്കുന്ന പാറകളും, പാറക്കൂട്ടങ്ങൾക്കുമെല്ലാം ഇടയിലൂടെ കള കള ശബ്ദമുയർത്തി പാഞ് പോകുന്ന ചെറു ചെറു അരുവികളും അവ കൂടിച്ചേർന്ന് വെള്ളം പുളഞ് പുളഞ് തെന്നി തെന്നി ഓടിപ്പോയി പാറകളിൽ തട്ടി വീഴുന്ന കാഴ്ചയും മനസ്സിന് ആനന്ദം പകരും.


തിങ്ങി നിറഞ് നിൽക്കുന്ന വൃക്ഷകൂട്ടങ്ങൾക്കിടയിലൂടെ അതി മധുരമായ ഗാനാലാപവും ഘന ഗാംഭീരത്തോടെയുള്ള ശബ്ദമുയർത്തി മൃഗങ്ങൾ വെള്ളം കുടിക്കാൻ തിരക്കുകൂട്ടി വരുന്നതും രസം പകരുന്നു.

പച്ചപ്പിനിടയിലൂടെ ചെറുതും വലുതുമായ ഭംഗിയുള്ള വീടുകൾ, അമ്പലം, പള്ളികൾ, അങ്കണവാടികൾ, മദ്രസ്സ, സ്കൂൾ തുടങ്ങിയവയും അവിടെ കാണുമ്പോൾ തനി ഒരു നാട്ടിൻപുറം എന്ന് വിശേഷിപ്പിക്കാതിരിക്കില്ല. നാട്ടുഗ്രാമങ്ങൾ നന്മകളാൽ സമൃദ്ധം എന്ന വരികൾ അവിടെ ഉള്ളവരോട് സംസാരിക്കുമ്പോൾ തീർച്ചയായും നിങ്ങൾ പറഞ്ഞുപോകും.


ഇനി നമുക്ക് നെന്മിനിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ നോക്കാം.
 നെന്മിനി യിലേക്ക് കമാനത്തുനിന്നും പുറപ്പെട്ടാൽ എസ്റ്റേറ്റ് റോഡ് തുടങ്ങുമ്പോൾ നെന്മിനിയും ആരംഭിക്കുകയായി. ആദ്യം കാണുന്നത് പൂക്കോട്ടുകാവ്  എന്നു വിളിക്കുന്ന ഒരു ചെറിയൊരു അങ്ങാടിയാണ്. താഴെ ചിത്രത്തിൽ കാണുന്നത് പൂക്കോട്ടുകാവ് എന്ന സ്ഥലം ആണ്.
 അതിനടുത്ത സ്ഥലങ്ങമാണ് താഴെ ചിത്രത്തിൽ കാണുന്ന ഉപ്പേങ്ങൽ.
 കുറച്ച് കൂടി മുന്നോട്ട് പോയാൽ നെന്മിനി സെൻട്രൽ എന്ന് പറയാവുന്ന പരിയാടം എന്ന സ്ഥലം കാണാം. പീടികകളും ഹോട്ടലുകളും ക്ലബുകളും എല്ലാം നിങ്ങൾക്ക് അവിടെ കാണാം.
       മുന്നോട്ട് നീങ്ങുബോൾ നെന്മിനിയിലെ പ്രധാനപെട്ട ഒരു സ്ഥലം എത്തുകയായി, പ്രധാനപെട്ടത് എന്ന് പറയാൻ ഒരു കാരണം ഉണ്ട്. നെന്മിനിയുടെ റേഷൻ കട സ്ഥിതിചെയ്യുന്നത് കൊണ്ട്തന്നെ. നെന്മിനിയിലെ ജനങ്ങൾ അവിടെ കയറാത്തവർ കുറവായിരിക്കും എന്നത് ഒരു സത്യം. 

      അവിടെ നിന്ന് കുറച്ച് കൂടി മുന്നോട്ട് പോയാൽ കരുണ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥിതി ചെയ്യുന്നതും, സി പി എം പാർട്ടി ഓഫിസും, അമ്പലത്തിലേക്കുള്ള വഴിയും എത്തുകയായി. നെന്മിനിയിൽ ആകെ ഒരു ക്ഷേത്രമാണ്ഉള്ളത് എന്നത് കൊണ്ട് തന്നെ നെന്മിനിയിൽ എത്തുന്ന ആർക്കും അഖിലേശ്വരി ഭഗവതി ക്ഷേത്രം പറഞ് തരാൻ രണ്ടിലൊന്ന് ആലോചിക്കേണ്ടിവരില്ല.

നെന്മിനി അഖിലേശ്വരി ഭഗവതി ക്ഷേത്രം ഒരു സന്ധ്യാ ദൃശ്യം. 

മുന്നോട്ട് നീങ്ങുബോൾഅടുത്തതായി കാണാവുന്നത് മദ്രസ്സപടിയാണ്. ദിവസവും രാവിലെ നെന്മിനിയിലെ കുട്ടികളുടെ വിദ്യാഭ്യാസം തുടക്കമായി കാണാവുന്ന നെന്മിനി സ്കൂൾ സ്ഥിതി ചെയ്യുന്നതും അവിടെയാണ്. അതുപോലെ നെന്മിനിയിലെ ആരോഗ്യ കേന്ദ്രവും അവിടെ സ്ഥിതിചെയ്യുന്നു. ആഹ്ഹ പിന്നെ ഈ പേര് തന്നെ വരാൻ കാരണമായ മദ്രസ്സയും അടുത്തുള്ള പള്ളിയും താഴെ കൊടുത്ത ചിത്രത്തിൽ നിങ്ങൾക്ക് കാണാം.
നെന്മിനി മദ്രസ്സ പ്പടിയിലെ പള്ളിയുടെ രാത്രി ദൃശ്യം

മദ്രസ്സപ്പടി എത്തി കുറച്ച് മുന്നോട്ട് പോകുന്നതോടെ നെന്മിനി എന്ന പ്രധാന ഭാഗം കഴിഞ്ഞു തുടങ്ങും. പക്ഷെ അങ്ങനെ കഴിയാനൊന്നും പോകുന്നില്ല. വ്യാപിച്ച് കിടക്കുന്നത് കൊണ്ടുതന്നെ പള്ളിപ്പടി, കൊണ്ടോട്ടിപ്പടി, ബാലത്തുംമുക്ക്, അമ്പലപ്പടി അങ്ങനെ നീണ്ടു പോകുകയാണ്. എങ്കിലും നെന്മിനിയെ കുറിച്ചുള്ള ഒരു ചെറിയ ചിത്രം മനസ്സിൽ വന്നിട്ടുണ്ടാവുമെല്ലോ. 

നെന്മിനിയിലെ പ്രകൃതി ഭംഗി ആസ്വദിച്ച്.... ഇനി യാത്ര തുടരാം.....

   നെന്മിനിയിലെ എടുത്ത് പറയേണ്ട ഒരു കാഴ്ച തന്നെയാണ് പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ ഉള്ള വെള്ളച്ചാട്ടങ്ങൾ. നെന്മിനിയുടെ ഉള്ളിലേക്ക് പോകും തോറും വ്യത്യസ്ഥ വെള്ളച്ചാട്ടങ്ങൾ നിങ്ങളെ തീർച്ചയായും അദ്‌ഭുതപെടുത്തും. മഴക്കാലമാണ് അവയുടെ സൗന്ദര്യം വിളിച്ചോതുന്നത് എന്നത് പറയാതെ വയ്യ. ആ പച്ചപ്പും, അതിനിടയിലൂടെ വെള്ളത്തിൻറെ കള കള ശബ്ദം വെച്ച് കുതിച്ച് പാറകളിൽ തെന്നി തെന്നി പായുന്ന വെള്ളം പലഭാഗങ്ങളിൽ നിന്നും ഒത്തുചേർന്ന് വലിയപാറകളിൽ തട്ടി തെറിച്ച് വീഴുമ്പോൾ അടുത്തേക്ക് പോകാൻ കൊതിക്കുമെങ്കിലും അതിന്റെ ശക്തി കൊണ്ട് നിങ്ങളെ അകറ്റും എങ്കിലും ചില വ്യക്തികൾ അതിനെ വെല്ലു വിളിച്ച് പോകുന്നതും കാണാം.



ചോലകൾ....

അയ്യപ്പൻചോല....
വെള്ളച്ചാട്ടങ്ങൾ ഒരുപാട് കാണാമെങ്കിലും അയ്യപ്പൻ ചോല നിങ്ങളെ അത്ഭുതപെടുത്തും എന്നത് തീർച്ചയാണ്. ഇങ്ങനെ ഒരു പേര് വരാൻ തന്നെ ദൈവീക സങ്കല്പങ്ങൾ അതിലുണ്ട് എന്നത് പറയേണ്ടതില്ലല്ലോ. മൂന്ന് തട്ടുകളായി കിടക്കുന്ന ചോല നിങ്ങൾക്ക് അവിടെ കാണാം. ഓരോന്നും വ്യത്യസ്തത പുലർത്തുന്നു.
അയ്യപ്പൻറെ ചൈതന്ന്യം ഉണ്ടെന്നു തന്നെയാണ് വിശ്വാസം അതുകൊണ്ട് തന്നെ ശബരിമലയിലേക്ക് പോകുവാൻ മണ്ഡല കാലത്ത് മാല ഇടുന്ന സ്വാമിമാർ പുലർച്ചെ 4 മണിക്ക് എണീറ്റ് അവിടെ പോയി മുങ്ങി കുളിച്ച് ശരണം വിളിക്കുന്നത് നമുക്ക് കേൾക്കാം. നെന്മിനി അഖിലേശ്വരി ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന 7 ദിവസത്തെ ഉത്സവത്തിൽ ഒരു ദിവസം അവിടെ വന്ന് പൂജകൾ ചെയ്യുകയും പായസം ഉണ്ടാക്കി ഉത്സവത്തിന് എത്തിയ എല്ലാവർക്കും പായസം വിതരണം ചെയ്യുകയും ചെയ്യുന്നു.
അയ്യപ്പൻചോലയിൽ നിന്നും സദാസമയം ഒഴുകി വരുന്ന നീരുറവ നെന്മിനിക്കാരുടെ വേനൽക്കാലത്തെ വെള്ളത്തിന്റെ  ബുദ്ധിമുട്ട് ഇല്ലാതാക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. 
ഈ കാടിനുള്ളിലാണ് ഇത് സ്ഥിതിചെയ്യുന്നത് 
അയ്യപ്പൻചോല




അയ്യപ്പൻ ചോലയിൽ നിന്നും പുറത്തേക്കുള്ള കാഴ്ച.







നെന്മിനിയുടെ സൗന്ദര്യം വളരെ ആകർഷകമാവുന്നത് മഴക്കാലത്ത്തന്നെ. ഒരു മഴക്കാല കാഴ്ച...




നെന്മിനിയിലെ പാടത്തുകൂടി ഉള്ള നടത്തം അതൊരു കാഴ്ച തന്നെയാണ്... 

ശരീരത്തിൽ മണ്ണാകുന്നത് ഇഷ്ട്ടപ്പെടാത്തൊരു സമൂഹം നമുക്ക് മുന്നിൽ വളർന്നു കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ മണ്മറഞ്ഞുപോയ് കൊണ്ടിരിക്കുന്ന ആ കാഴ്ച  ഇപ്പോഴും കാണാം






എസ്‌റ്റേറ്റിലേക്ക് കയറി കുറച്ച് നടക്കാം.....

ഇനി എസ്‌റ്റേറ്റിലേക്ക് കയറി കുറച്ച് നടക്കാം. കാഴ്ചക്കാർക്കായ് കാനന ഭംഗി വിളിച്ചോതിയ കാടുകൾ നിങ്ങളെ പേടിപ്പെടുത്തുമെങ്കിലും അത്ഭുതപെടുത്തുകയും ചെയ്യും. തിങ്ങി നിറഞ് നിൽക്കുന്ന വൃക്ഷകൂട്ടങ്ങൾക്കിടയിലൂടെ അതി മധുരമായ ഗാനാലാപവും, ഘന ഗാംഭീരത്തോടെയുള്ള ശബ്ദമുയർത്തി മൃഗങ്ങൾ വെള്ളം കുടിക്കാൻ തിരക്കുകൂട്ടി വരുന്ന കാഴ്ചയും കാനനത്തിലെ ആ നിശബ്ദത നിങ്ങൾക്ക് സമ്മാനിക്കും. നെന്മിനി മലയുടെ പടിഞ്ഞാറ് അറ്റത്ത് കൊടുകുത്തിമല സ്ഥിതിചെയ്യുന്നു. അവിടെ നിന്ന് നോക്കിയാൽ കോഴിക്കോട് നഗരവും നിങ്ങൾക്ക് കാണാം. പണ്ട് തോട്ടത്തിൽ മരുന്നടിക്കാൻ വന്നിരുന്ന ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നത് അവിടെയായിരുന്നു. പോലീസിന്റെ വയർലെസ് കേന്ദ്രവും അവിടെ സ്ഥിതി ചെയ്യുന്നനുണ്ട്.












നെന്മിനിയിലെ എസ്റ്റേയ്റ്റിലൂടെ ഉള്ള നടത്തിലും കാണാം ഭംഗിയുള്ള വെള്ളച്ചാട്ടം.

 നെന്മിനി എസ്റ്റേറ്റ് റ്റിലുള്ള റോഡുകൾ ആണ് ചിത്രത്തിൽ



ഒരു സന്ധ്യാ ദൃശ്യം.


വമ്പൻ പാറകളും പ്രകൃതി ഭംഗി ഉയർത്തിപ്പിടിക്കാൻ മത്സരിക്കുന്നത് പോലെ തോന്നാം....








നെന്മിനിയിലെ ആഘോഷങ്ങളിലൂടെ....

പരസ്പര വിദ്വേഷവും ജാതി ചിന്തയും മത കലഹങ്ങളുമില്ലാതെ നിഷ്കളങ്കരായ ഗ്രാമവാസികൾ ഒത്തൊരുമയോടെയും സ്നേഹത്തോടെയും നടത്തുന്ന ആഘോഷങ്ങൾ ആഘോഷങ്ങൾ ഒന്ന് കാണുകതന്നെ വേണം.  അമ്പലത്തിലെ ഉത്സവവും, മുസ്ലിം പള്ളികളിലെ നേർച്ചകളിലും, നബിദിന ഘോഷ യാത്രകളിലും,  ഓണാഘോഷങ്ങളിലും എസ് എസ് എൽ സി, പ്ലസ് ടു പാസ്സായ കുട്ടികളെ ആദരിക്കക്കലിലും മുന്നിട്ട് ഇറങ്ങിയും എല്ലാവരെയും പങ്കെടുപിച്ച് കൊണ്ട് നടത്തുന്ന വിവിധ കലാ കായിക പരിപാടികളും നെന്മിനി എന്ന കൊച്ചു ഗ്രാമത്തിൽ അരങ്ങേറുന്നത് നിങ്ങൾക്ക് കാണാം. 


7 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം എല്ലാരേയും ആകർഷിക്കും, പൂതം, ശിങ്കാരിമേളം, നാടകം, അങ്ങനെ നീളുന്ന പ്രോഗ്രാമുകളിൽ ഒന്നുകൂടി ഉണ്ട്കോൽക്കളി, നെന്മിനിയിലെ ഈ കൊൽക്കളിയും പത്രങ്ങളിലും സ്ഥാനം പിടിച്ചിരുന്നു.



ഇനി നബിദിനം ആയാലും എല്ലാവരും പങ്കാളികൾ തന്നെ. പായസം വിതരണം ചെയ്തും, മിടായി വിതരണം ചെയ്തും എല്ലാരും പങ്കെടുത്ത് പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ആഘോഷങ്ങളിൽ അതും സ്ഥാനം പിടിച്ചിട്ടുണ്ട്.
നെന്മിനി മദ്രസ്സ പ്പടിയിലെ പള്ളിയുടെ രാത്രി ദൃശ്യം




കുട്ടികളുടെ ആഘോഷങ്ങളും വർഷാ വർഷവും തകൃതിയായി കൊണ്ടാടുന്നു. കുട്ടികളുടെ കഴിവുകൾ തെളിയിക്കാൻ പ്രോത്സാഹിപ്പിക്കാൻ ഉള്ള വേദികളായി നെന്മിനിയിലെ ഓരോ ആഘോഷങ്ങളും മാറുന്നു. അതിൽ പ്രധാനപ്പെട്ട ഒരു പ്രോഗ്രാം ആയി മാറിയിരുന്നു ബാലസംഘത്തിന്റെ കീഴിൽ നടത്തിയ കുട്ടികൾക്കായുള്ള ഓണാഘോഷവും.









2015 ലിൽ നടന്ന മറ്റൊരു ഓണാഘോഷത്തിൽ നിന്ന്....



ഈ വർഷം നടന്ന ഓണം ബക്രീദ് ആഘോഷം നെന്മിനിയിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റും യുവജന വേദിയും ഒരുമിച്ച് നടത്തി. രാവിലെ 8 മണിക്ക് പൂക്കള മത്സരത്തോടെ ആരംഭിച്ച് കസേരകളി, മിടായി പെറുക്കൽ ബൈക്ക് സ്ലോ റൈസിംഗ് സൈക്കിൾ സ്ലോ റൈസിംഗ്, വടംവലി, ഉറിയടി, പഞ്ച ഗുസ്തി, വഴു മരം കയറൽ  തുടങ്ങിയ ആഘോഷ പരിപാടികളോടെ ഗംഭീരമാക്കിയപ്പോൾ സമയം 6 മണി ആയിരുന്നു. പിന്നെ  മത്സരത്തിൽ 1, 2, 3 സ്ഥാനങ്ങൾ നേടിയവർക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്ത് 6:30 തോടെ പരസ്പരം ഓണാശംസകൾ പറഞ് എല്ലാവരും വീടുകളിലേക്ക്. രാവിലെ തുടങ്ങിയ ഓണാഘോഷ പരിപാടികൾക്ക് അവിടെ പരിസമാപ്തി ആയി.











സ്വാതന്ത്ര്യദിനത്തിൽ നെന്മിയിൽ കുട്ടികൾ ചേർന്ന് നടത്തിയ ആഘോഷത്തിൽ നിന്ന്...

 ത്രില്ലർ ബോയ്സ് നെന്മിനിയുടെ വക കുട്ടികൾക്ക് മിടായി വിതരണം ചെയ്യുന്നു.


നെന്മിനിയിലെ ഡി വൈ എഫ് ഐ യ്ക്ക് കീഴിൽ നെന്മിനിയിലെ എസ് എസ് എൽ സി, പ്ലസ് ടു പാസ്സായ കുട്ടികളെ അനുമോദിക്കൽ ചടങ്ങിൽ നിന്ന്....




നെന്മിനി അഖിലേശ്വരി ഭഗവതി ക്ഷേത്രം...

                      വളരെയധികം ചൈതന്യ കർമ്മരും ചരിത്ര പ്രാധാന്യ മുള്ളതുമായ ഒരു ഭഗവതി ക്ഷേത്രത്തിന് അനുയോജ്യമായ വിധം ശാന്ത ഗാംഭീരവും മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ടതും പ്രകൃതി കനിഞ്ഞരുളിയതുമായ സ്ഥലമാണ് നെന്മിനി. ഇവിടെയാണ് ഭക്തജനങ്ങളുടെ അഭയ സ്ഥാനമായ അഖിലേശ്വരി ഭഗവതി ക്ഷേത്രം. ഭൂമി ദേവിയുടെ വരദാനമായ അരയാൽ ഭക്തർക്ക് കുളിരും തണലുമേകി യുഗങ്ങളായി തിരുമുന്നിനൽ തല ഉയർത്തിനിൽക്കുന്നതും ക്ഷേത്രത്തിന് മുൻപിലെ കൊടിമരവും എടുത്ത് പറയേണ്ടത് തന്നെ.
        വള്ളുവനാട്ടിലെ അതി പുരാതന ഭഗവതി ക്ഷേത്രമാണ് നെന്മിനി ശ്രീ അഖിലേശ്വരി ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിന് ഏകദേശം 1700 വർഷത്തോളം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ശാന്ത സ്വരൂപിണിയായ ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. മഴയും വെയിലും കൊള്ളുന്ന രൂപത്തിലുള്ള ശ്രീ കോവിലിൽ കുടികൊള്ളുന്ന ശ്രീ അയ്യപ്പൻ, കന്നിമൂലയിൽ കുടികൊള്ളുന്ന ഗണപതി നാഗരാജാവ് നാഗ കന്യക ബ്രഹ്മ രക്ഷസ്സ് തുടങ്ങിയ ഉപദേവന്മാരുടെ പ്രതിഷ്‌ഠകളും ഉണ്ട്. 
               ക്ഷേത്രത്തിൻറെ ഉടമസ്ഥാവകാശം പ്രദേശത്ത് കൂടുതൽ ഉണ്ടായിരുന്ന ബ്രാഹ്മണൻ മാരുടെ കൈവശം ആയിരുന്നു എന്നും കാലാന്തരത്തിൽ ഭരണാധികാരമാറ്റങ്ങളും ക്ഷേത്ര സംബന്ധമായ കാര്യങ്ങളുടെ ഹാനിയും ഭരണ ദൂഷ്യവും കാരണം നമ്പൂതിരി കുടുംബംങ്ങൾ നശിക്കുകയോ നശിപ്പിക്കുകയോ ഉണ്ടായി. അതിന് ശേഷം ക്ഷേത്ര ഭരണം ദേശപ്രധാനിയും രാജാധികാരമുള്ളവരുമായ നെന്മിനി വെള്ളോടിമാരുടെ എത്തിചേർന്നു എന്നതാണ് ഐതീഹ്യം. തുടർന്ന് നല്ല രീതിയിൽ പോയിരുന്നെങ്കിലും ക്ഷേത്രഭരണം മാറി മാറി വരുകയും ക്ഷേത്ര മുതലുകൾ അന്ന്യാധീന പെടുകയും നിത്യ പൂജയും പ്രധാന ചടങ്ങുകളും മുടങ്ങി അമ്പലം നശിച്ച് കാട് നിറഞ്ഞു ക്ഷുദ്ര ജീവികൾ വസിക്കുന്ന കേന്ദ്രമായി മാറി. അരനൂറ്റാണ്ടിലേറെ ഈ ക്ഷേത്രം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയും ചാര വിരുദ്ധ കർമ്മങ്ങൾ നിമിത്തം ഉണ്ടായിരുന്ന ദേവി വിഗ്രഹം പീഠം ദീപസ്തംഭം തറ മുതലായവ തച്ചുടക്കപെടുകയും പിന്നെ രാപകൽ ഭേദമെന്യേ ദേവി ചൈതന്ന്യം പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടതായും ഉള്ള അനുഭവസ്ഥർ ഈ നാട്ടിൽ  ധാരാളം ഉണ്ടായി.
               1991 ൽ സെപ്റ്റംബർ 25 ന് ഭക്തജനങ്ങൾ സംഘടിച്ച് ക്ഷേത്ര പുനരുദ്ധാരണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് തീരുമാനിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 
              1992 മെയ് 8 മുതൽ 18 നോട് കൂടി നീണ്ടു നിന്ന പ്രതിഷ്‌ഠ ചടങ്ങുകൾ ക്ഷേത്ര തന്ത്രി മാരുടെ കീഴിൽ നടത്തി. 1993ൽ സെപ്റ്റെംബറിൽ പ്രശ്‍നം വെക്കുകയും ആയതിന്റെ പരിഹാര ക്രിയകൾ ആ വർഷത്തെ ഉത്സവത്തിനോടനുബന്ധിച്ച് അതിൽ വെച്ച് നടത്തുകയും ചെയ്തു. മണ്ഡല കാലത്ത് 41 ദിവസം ചുറ്റുവിളക്ക് നടത്തുകയും 7 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവവും വിശേഷാൽ പൂജകളും നടത്തി മുന്നോട്ട് പോകുന്നു. 


        സ്ഥിരോത്സാഹികളുടെ കഠിന പ്രയത്നത്താൽ നല്ലൊരു അമ്പലം ഇന്ന് ഉയർന്നിരിക്കുന്നു. നാനാജാതി മതസ്ഥരും സഹകരിച്ച് നടത്തുന്ന 7 ദിവസത്തെ ഉത്സവത്തിൽ മുഴുവൻ ദിവസവും രാവിലെയും ഉച്ചക്കും രാത്രിയും അവിടെ വരുന്നവർക്കെല്ലാം ഭക്ഷണം  കൊടുക്കുന്നത് വേറിട്ട ഒരു കാഴ്ച തന്നെയാണ്. 6 വർഷമായി ഇപ്പോൾ മുടങ്ങാതെ അഖണ്ഡനാമജപയജ്ഞവും നടന്നു വരുന്നു. ഇന്ന് അവിടെ അമ്പലത്തിൽ ഒരു കൊടിമരം നിങ്ങൾക്ക് കാണാം.


 ക്ഷേത്രത്തിൻറെ മുൻപിലെ ആൽമരമാണ് ചിത്രത്തിൽ 







ഗ്രാമ പ്രദക്ഷിണത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ അവതരിപ്പിച്ചപ്പോൾ......

 ഗ്രാമ പ്രദക്ഷിണത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ അവതരിപ്പിച്ചപ്പോൾ......








അമ്പലത്തിലെ ഉത്സവത്തിൽ ഞാനും വളരെ ആത്മാർത്ഥതയോടെ എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ പങ്കെടുത്ത് സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. ഒരു വർഷം നടന്ന ഉത്സവത്തിനു ശേഷം ഞാൻ കുറച്ച് വരികൾ കുറിച്ചിട്ടു. അത് ഉത്സവ ലഹരി എന്ന പേരിൽ പോസ്റ്റ് ചെയ്യുകയും അയക്കുകയും ചെയ്തിരുന്നു.


നെന്മിനിയിലെ പിള്ളേർ കായികത്തിൽ പുലികളാണ്. അത് പല തവണ തെളിയിച്ചിട്ടുമുണ്ട്. 

















നെമിനിയിലെ കൂട്ടുകെട്ട് ഒരുമ ഒക്കെ കാണണമെങ്കിൽ ദേ നോക്കിക്കെ....













നെന്മിനിയിലെ ആരോഗ്യ കേന്ദ്രവും കുടിവെള്ള പദ്വതിയും ആണ് താഴെ കാണുന്ന ചിത്രത്തിൽ...

ഇന്ന് ആരോഗ്യ കേന്ദ്രത്തിന്റെ സ്ഥിതി വളരെ മോശമാണെന്നേ പറയാൻ കഴിയു....ചിത്രത്തിൽ അത് വ്യക്തമാവുകയും ചെയ്യും.





ഒരു തെരഞ്ഞെടുപ്പ് കാലത്തെ എൽ ഡി എഫ് പ്രവർത്തനത്തിൽ നിന്ന്....




നെന്മിനിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ....


നെന്മിനിയിലെ കുട്ടികൾ വിദ്യാഭ്യാസം തുടക്കം കുറിക്കുന്നത് നെന്മിനിയിലെ പ്രധാനപ്പെട്ട 3 അങ്കണവാടികൾ ആണ്. ഇംഗ്ലീഷ് മീഡിയം കുറച്ചു കാലം പ്രവർത്തിച്ചുവെങ്കിലും പിന്നീട് അവർ അതിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയുണ്ടായി. എന്തൊക്കെ ആയാലും നെന്മിനിയിലെ ഓരോ കുട്ടിയും സ്കൂൾ തുടങ്ങുന്നത് നെന്മിനി ജി എം എൽ പി സ്കൂളിൽ നിന്ന് തന്നെയാണ്. ആദ്യകാലങ്ങളിൽ വാഹന സൗകര്യങ്ങൾ കുറവായത് കൊണ്ടുതന്നെ നെന്മിനി മദ്രസ്സ പടിയിൽ സ്ഥിതി ചെയ്യുന്ന ജി എം എൽ പി സ്കൂളിൽ നിന്ന് തന്നെയാണ് സ്കൂൾ ജീവിതം ആരംഭിക്കുന്നത്. ഒരു ചെറിയ കുന്നിൻ മുകളിലാണ് അത് സ്ഥിതി ചെയ്യുന്നത്. പണ്ട് കുറെ ഒതുക്കുകൾ ചവിട്ടി കയറണം. അല്ലെങ്കിൽ പിന്നെ വേഗം പോകുവാനും ഇറങ്ങുവാനും കുട്ടികൾ ഉണ്ടാക്കിയെടുത്ത വഴികളിലൂടെ വള്ളികളിലും കൊമ്പുകളിലും പിടിച്ചും ഊർന്നിറങ്ങിയും വേണം ഇറങ്ങാൻ. അവിടെ ഉച്ച സമയത്തെ വേളയിൽ ഉരസ്സി ഉള്ള ഇറക്കവും കുറ്റിപ്പുരകളും ധാരാളം കാണാമായിരുന്നു.

               നെന്മിനി സ്കൂൾ എന്ന് പറയുമ്പോൾ എനിക്കും ഓർക്കാൻ ഒരുപാടുണ്ട്. ലളിത ടീച്ചറെയും കദീജ ടീച്ചറെയും മറക്കാൻ പറ്റുകയില്ല. ജീവിതത്തിൽ ആദ്യമായി സ്റ്റേജിൽ കയറ്റുന്നത് ലളിത ടീച്ചറാണ്, കഥാപ്രസംഗവും, ഒരു ലളിതഗാനവും പഠിപ്പിച്ച്‌ എന്നെ സ്റ്റേജിൽ കയറ്റി. അങ്ങനെ ആദ്യമായി ൻറെ ശബ്ദം മൈക്കയിലൂടെ പുറത്തേക്ക് വന്നു. പിന്നെ കായികത്തിലും ഞാൻ പങ്കെടുത്തു. പട്ടിക്കാട് സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ ഞങ്ങൾ മുന്നിട്ട് നിന്നു. പക്ഷെ കുട്ടികളുടെ പ്രോഗ്രാം വളരെ അധികം സമയം നീണ്ടു പോവുകയും അതിൽ പിന്നെ പ്രതിഷേധ സൂചകമായി പരിപാടികൾ ഉപേക്ഷിക്കാനും തീരുമാനിച്ചു. 
             എൻറെ ഒരു ഓർമ കുറിച്ചതാണ്. അവിടെ പഠിച്ചിറങ്ങിയവർക്കെല്ലാം ഒരുപാട് പറയാനുണ്ടാകും എന്നത് തീർച്ചയാണ്.






നെന്മിനി മദ്രസ്സപടിയിലെ മദ്രസ്സ കെട്ടിടം ആണ് താഴത്തെ ചിത്രത്തിൽ....

 നെന്മിനി പരിയാടത്തുള്ള അങ്കണവാടിയാണ് ചിത്രത്തിൽ...